തിരുവനന്തപുരം: ഷുഹൈബ്, പെരിയ കൊലക്കേസുകൾക്കായി സർക്കാർ ഖജനാവിൽ നിന്നു ചെലവഴിച്ചത് 2.11 കോടി രൂപയെന്ന് കണക്കുകൾ. മാത്യൂ കുഴൽനാടൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒമ്പതിനു സഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ഇന്നലെയാണു നിയമസഭാ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.പെരിയ ഇരട്ട കൊലക്കേസിലെ അഭിഭാഷകർക്കായി മൊത്തം ചെലവാക്കിയത് 1,14,83,132 രൂപയാണ്. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് 88 ലക്ഷം രൂപ ഫീസും ഇവരുടെ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമായി 2,33,132 രൂപയും ചെലവാക്കി. കേസിൽ സുപ്രീം കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരായ മനീന്ദർ സിങ്ങിന് 24.50 ലക്ഷം രൂപയും നൽകി.
ഷുഹെെബിന്റെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ ഇതുവരെ മുടക്കിയത് 96,34,261 രൂപയും അഭിഭാഷക ഫീസായി ചെലവഴിച്ചത് 86.40 ലക്ഷവുമാണ്. ഇവരുടെ വിമാന യാത്രയ്ക്കും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിച്ച 6,64,961 രൂപയും ഉൾപ്പെടെയാണിത്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സി പി മുഹമ്മദ് ഹൈക്കോടതിയെയും സുപ്രീം കോടതിയിയെയും സമീപിച്ചപ്പോഴാണ് ഇതിനെതിരെ സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കിയത്.