കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമയിലെ കലാകാരന്മാരില്‍ കൂടുതല്‍പ്പേരും വലതുപക്ഷത്താണെന്നും ഇനിയും കൂടുതല്‍ കലാകാരന്മാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ധര്‍മജന്‍ പറഞ്ഞു.
‘വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പോസ്റ്ററൊട്ടിക്കാനും മൈക്ക് അനൗണ്‍സ്‌മെന്റിനും നടന്നിട്ടുണ്ട്. ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മത്സരിക്കാനുളള അവസരം ലഭിച്ചിരുന്നതാണ്. അതെല്ലാം വേണ്ടെന്ന് വച്ചു. എന്നാല്‍ നിയസമഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ പ്രശ്‌നമില്ല’ -ധര്‍മജന്‍ പറഞ്ഞു.ധര്‍മജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബാലുശേരിയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി സ്ഥിരീകരിച്ചിരുന്നില്ല.
കഴിഞ്ഞദിവസം സംവിധായകനും നടനുമായ രമേഷ് പിഷാരടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയില്‍ പങ്കെടുത്തു. ഇതാേടെ പിഷാടിയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹം പരന്നു. അതിനിടെ ധര്‍മജനേയും പിഷാടിയെയും എറണാകുളത്തെ കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലുമായി മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്. ട്വന്റി ട്വന്റിക്ക് നിര്‍ണായക സ്വാധീനമുളള കുന്നത്തുനാട് ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മ്മജനെപ്പോലൊരാള്‍ വേണമെന്നാണ് അവര്‍ പറയുന്നത്. തൊട്ടടുത്ത തൃപ്പൂണിത്തുറയില്‍ പിഷാരടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഈ മേഖലയൊന്നാകെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഇവരുടെ അവകാശവാദം. മത്സരിക്കാനില്ലെന്ന് നിലപാടെടുത്തു നില്‍ക്കുന്ന പിഷാരടിയുടെ മനസുമാറ്റാനുളള ശ്രമങ്ങളും അവര്‍ തുടങ്ങിയിട്ടുണ്ട്.