കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അടൂരില്‍ വെച്ചായിരുന്നു അപകടം. ഉമ്മന്‍ ചാണ്ടി സുരക്ഷിതനാണ്. അദ്ദേഹം മറ്റൊരു വാഹനത്തില്‍ പുതുപ്പള്ളിയിലേക്ക് തിരിച്ചു.
ഏനാത്ത് വടക്കടത്ത് കാവില്‍ ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഒരു സ്ത്രീ ഓടിച്ച കാര്‍ സ്റ്റീയറിങ് ലോക്കായി എതിര്‍വശത്തേക്ക് എത്തി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു.
അപകടസമയത്ത് അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറിലാണ് ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നത്. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ സമരവേദിയില്‍ ഉമ്മന്‍ ചാണ്ടി എത്തിയിരുന്നു. തലസ്ഥാനത്തെ പരിപാടികള്‍ കഴിഞ്ഞ് അദ്ദേഹം കോട്ടയത്തേക്ക് പോവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.