രണ്ട് പതിറ്റാണ്ടായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സ്വന്തം സാന്നിധ്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന WOHSS പിണങ്ങോട് ഒപ്പന ടീം ഈ വർഷവും ചരിത്രം ആവർത്തിച്ച് സംസ്ഥാന തലത്തിൽ മികവ് തെളിയിച്ചിരിക്കുകയാണ്.
HSS വിദ്യാർഥിനികളായ ഹെമിൻ സിഷ, ആര്യനന്ദ, ഫിദ ഫാത്തിമ എന്നിവർ പാട്ടുകാരായും, നെബ ഫാത്തിമ, നിയ പർവീൻ, ആയിഷ മിൻഹ, സാദ ഫാത്തിമ, നിദ ഫാത്തിമ, അയോണ സുനിൽ എന്നിവർ തോഴിമാരായും, ഷാദിയ മണവാട്ടിയായുമാണ് ഇത്തവണ WOHSS ഹയർ സെക്കൻഡറി ടീമിനെ നയിക്കുന്നത്.
ആറുമാസത്തോളം നീണ്ട കഠിനപരിശ്രമത്തിന്റെയും ആത്മാർത്ഥമായ പരിശീലനത്തിന്റെയും ഫലമായാണ് സംസ്ഥാന തലത്തിൽ സ്കൂളിന്റെ പേര് തങ്കലിപികളിൽ എഴുതിച്ചേർത്ത് ഒപ്പന ടീം വീണ്ടും ചുരം കയറിയത്.
കുട്ടികളുടെ അകമഴിഞ്ഞ സമർപ്പണവും മികച്ച ടീം വർക്കും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ പിന്തുണയുമാണ് പിണങ്ങോട് ടീമിനെ സംസ്ഥാനത്തെ മികച്ച ടീമുകളിലൊന്നായി ഉയർത്തിയതെന്ന് ടീമിന്റെ പ്രിയപ്പെട്ട പരിശീലകൻ നാസർ പറശ്ശിനി വ്യക്തമാക്കി.

