തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയില്‍ ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരിക്കേല്‍പ്പിച്ചു. കരിങ്ങ സ്വദേശി തുളസിധരന്‍ നായരെയാണ് അക്രമി സംഘം വെട്ടിയത്. സെന്റ് തോമസ് പള്ളിയിലെ കപ്യാരായ സന്തോഷിനെ ആക്രമിക്കാനാണ് സംഘം എത്തിയതെന്നാണ് സൂചന.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് കരിങ്ങ സെന്റ്. തോമസ് പള്ളിക്ക് മുന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന തൊഴിലാളിയെ 4 അംഗസംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. വാക്കത്തി ഉപയോഗിച്ച് മുഖത്തും കൈയിലും കാലിലും നെഞ്ചിലുമാണ് വെട്ടിയത്. തുളസിധരന്‍ നായര്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടി യെത്തിയപ്പോള്‍ അക്രമി സംഘം രക്ഷപെടുകയായിരുന്നു.
സന്തോഷ് ആണോ എന്നു ചോദിച്ച ശേഷമാണ് സംഘം തന്നെ വെട്ടിയതെന്ന് തുളസീധരന്‍ നായര്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കരിങ്ങ സെന്റ് തോമസ് പള്ളിയിലെ കപ്യാരാണ് സന്തോഷ്. സംഭവം നടന്ന പുരയിടത്തിലൂടെയാണ് സ്ഥിരമായി സന്തോഷ് പള്ളിയിലെ മണിയടിക്കാന്‍ പോകാറുള്ളത്. അതിനാല്‍ സന്തോഷാണെന്ന് തെറ്റിദ്ധരിച്ചാണ് തുളസീധരന്‍ നായരെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ സംശയം. എന്നാല്‍ ആരുടെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്നോ എന്താണ് ഇവര്‍ക്ക് സന്തോഷിനോടുള്ള പകക്ക് കാരണമെന്നോ വ്യക്തമല്ല. സംഭവത്തില്‍ വലിയമല പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ തുളസീധരന്‍ നായര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.