മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തിലാണ് കണ്ടെത്തല്‍. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകള്‍ നീക്കാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ലോഡെടുത്തത് മുതലുള്ള സഞ്ചാര വിവരം പൊലീസ് ശേഖരിച്ചു. വ്യക്തത വരുത്താന്‍ കൂടുതല്‍ സാക്ഷികളുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. കൂടുതല്‍ നടപടികള്‍ ഡ്രൈവറുടെ മൊഴി പരിശോധിച്ച ശേഷമാവുമെന്നും പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് അപകട ശേഷം ലോറി നിര്‍ത്താതെ പോയതെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ അപകടം നടന്നത് അറിഞ്ഞില്ലെന്നാണ് വാഹന ഉടമ പറഞ്ഞത് . മൊഴികളിലെ ഈ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും. വട്ടിയൂര്‍ കാവില്‍ നിന്നും വാഹനത്തില്‍ ഉണ്ടായിരുന്ന എം സാന്റ് വെള്ളായണിയില്‍ കൊണ്ടിട്ട ശേഷം മറ്റൊരു വഴിയിലൂടെ പേരൂര്‍ക്കടയിലേക്കാണ് പോയത്. പിറ്റേ ദിവസം ലോറിയുമായി ഇറങ്ങി. ഈ വിവരങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കും. അറസ്റ്റിലായ ഡ്രെവര്‍ ജോയിയെ റിമാന്‍ഡ് ചെയ്തു.

