ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത മിസൈൽ ഒഡീഷ തീരത്തുള്ള ഡോ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്. ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞരുടെയും സായുധ സേനാ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു വിമാന പരീക്ഷണം. 1500 കിലോ മീറ്ററിൽ കുടുതൽ പ്രഹരശേഷിയുള്ളതാണ് മിസൈൽ.
രാജ്യത്തിന്റെ സൈനികശേഷിക്ക് മുതൽക്കൂട്ടാവുന്ന പരീക്ഷണമാണ് നടത്തിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പരീക്ഷണത്തോടെ സൈനികശേഷിയിൽ വലിയ പുരോഗതി കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡോ.എ.പി.ജെ അബ്ദുൽ കലാം ദ്വീപിൽ നിന്നും ദീർഘദൂര ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നും രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.
വിവിധ ട്രാക്കിങ് സംവിധാനങ്ങൾ മിസൈലിനിന്റെ പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഉയർന്ന കൃത്യതയോടെയാണ് മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നും വിവിധ ട്രാക്കിങ് സംവിധാനങ്ങൾ വിലയിരുത്തിയിട്ടുണ്ട്.
മറ്റ് ഡിആർഡിഒ ലാബുകളുമായും നിരവധി വ്യവസായ പങ്കാളികളുമായും സഹകരിച്ച് ഹൈദരാബാദിലെ ഡോ എപിജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറികൾ നടത്തിയ വിപുലമായ ഗവേഷണത്തിൻ്റെയും വികസനത്തിൻ്റെയും ഫലമാണ് ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ. പ്രതിരോധ സാങ്കേതിക വിദ്യയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാശ്രയത്വവും “മെയ്ക്ക് ഇൻ ഇന്ത്യ” എന്നതിലുള്ള പ്രതിബദ്ധതയും ഈ സഹകരണം ഉയർത്തിക്കാട്ടുന്നു.