സുവാരസിനു കൊവിഡ്; ബ്രസീലിനും ബാഴ്‌സക്കുമെതിരെ കളിക്കില്ല

0
47
Huesca Vs Atletico Madrid: Luis Suarez Handed First Atleti Start After  Stunning Cameo Against Granada

സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനു കൊവിഡ്. ഇതോടെ ബ്രസീലിനെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ താരത്തിനു കളിക്കാനാവില്ല. മുന്‍ ക്ലബ് ബാഴ്‌സലോണക്കെതിരെ ശനിയാഴ്ച നടക്കുന്ന ലാലിഗ മത്സരവും സുവാരസിനു നഷ്ടമാവും. സുവാരസിനൊപ്പം ഗോള്‍ കീപ്പര്‍ റോഡ്രിഗോ മുനോസിനും സപ്പോര്‍ട്ടിംഗ് സംഘത്തിലുള്ള മതിയാസ് ഫരാളിനും കൊവിഡ് പോസിറ്റീവായി.

മൂവര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും മറ്റ് താരങ്ങളുടെ ടെസ്റ്റ് റിസല്‍ട്ടുകള്‍ നെഗറ്റീവാണെന്നും ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മികച്ച ഫോമില്‍ കളിക്കുന്ന സുവാരസിന്റെ അഭാവം ദേശീയ ടീമിനും ക്ലബിനും ഒരുപോലെ തിരിച്ചടിയാണ്. ബാഴ്‌സയില്‍ നിന്ന് സീസണ്‍ തുടക്കത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയ താരം ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്.

2014ല്‍ ലിവര്‍പൂളില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയിലെത്തിയ താരം മെസ്സിക്കൊപ്പം മുന്നേറ്റ നിരയിലെ ഏറ്റവും ശ്രദ്ധേയനായ താരമായിരുന്നു. 6 വര്‍ഷത്തിനിടെ ക്ലബിന്റെ 13 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. സുവാരസിന്റെ അരങ്ങേറ്റ സീസണില്‍ മെസ്സി-സുവാരസ്-നെയ്മര്‍ ആക്രമണ സഖ്യം 122 ഗോളുകള്‍ നേടി സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ബാഴ്‌സലോണക്കായി 283 മത്സരത്തില്‍ ബൂട്ടണിഞ്ഞ താരം 198 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്‌സ ചരിത്രത്തില്‍ തന്നെ ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ മൂന്നാമത്തെ താരമാന് സുവാരസ്. ലിവര്‍പൂള്‍, അയാക്‌സ് എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരം ഉറുഗ്വേ ദേശീയ ടീമിനു വേണ്ടി 113 മത്സരങ്ങളിലും കളത്തിലിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here