കോഴിക്കോട്: ഗാസയിൽ ഇസ്രായേൽ കടന്നുകയറ്റവും ആക്രമണവും തുടരുന്നതിനിടെ ഫലസ്തീൻ മുഫ്തിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഹുസൈനുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച ഗ്രാൻഡ് മുഫ്തി ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു.അന്താരാഷ്ട്ര തലത്തിൽ ഫലസ്തീനികളുടെ ആശങ്കകളും അവകാശങ്ങളും ഏറ്റവും സൂക്ഷ്മമായി മനസ്സിലാക്കിയ സമൂഹമാണ് ഇന്ത്യക്കാരെന്നും അതിൻ്റെ തുടർച്ച ഉറപ്പുവരുത്തുന്ന നിലപാടുകളാണ് ഇന്ത്യൻ സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഹുസൈൻ ഗ്രാൻഡ് മുഫ്തിയുമായി പങ്കുവെച്ചു. ലോകത്തെ പ്രധാന ശക്തികളിലൊന്നായി വളരുന്ന ഇന്ത്യക്ക് നിലവിലെ പശ്ചിമേഷ്യൻ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിൽ നയതന്ത്ര പങ്കുവഹിക്കാൻ സാധിക്കുമെന്നും ഇന്ത്യൻ ഗവണ്മെന്റിന്റെ നടപടികൾക്കായി ഗ്രാൻഡ് മുഫ്തി ഇടപെടലുകൾ നടത്തണമെന്നും ശൈഖ് ഹുസൈൻ പ്രത്യാശ പ്രകടിപ്പിച്ചു.ഇന്നലെ ഉച്ചയോടെയാണ് ശൈഖ് മുഹമ്മദ് ഹുസൈനുമായി ഗ്രാൻഡ് മുഫ്തി ഫോൺ സംഭാഷണം നടത്തിയത്. ഫലസ്തീൻ തങ്ങളുടെ നാടാണെന്നും ഈ നാടിനെ തങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പറഞ്ഞ ശൈഖ് മുഹമ്മദ് ഹുസൈൻ ഇന്ത്യൻ ജനതയുടെ പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിച്ചു. അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രാർത്ഥനാ സദസ്സുകളും ഐക്യദാർഢ്യ റാലികളും ഗ്രാൻഡ് മുഫ്തി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. ഇന്ത്യൻ ഗവണ്മെന്റിന്റെ സത്വര നടപടികൾക്കായി സജീവമായി ഇടപെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഫലസ്തീൻ മുഫ്തിയെ അറിയിച്ചു.