മുംബൈയിലെ പാലി ഹില്‍സില്‍ പുതിയ വീട് സ്വന്തമാക്കി നടന്‍ പൃഥ്വിരാജും ഭാര്യയും നിര്‍മാതാവുമായ സുപ്രിയയും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കമ്പനിയുടെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ആഡംബര വസതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.30 കോടി രൂപക്ക് സ്വന്തമാക്കിയ വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 1.84 കോടിയാണ്. രജിസ്‌ട്രേഷന്‍ ഫീസ് 30 ലക്ഷം രൂപയാണെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ സ്‌ക്വയര്‍ യാര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
പാലി ഹില്ലില്‍ 17 കോടി രൂപ വില വരുന്ന ഒരു ആഡംബര വസതി പൃഥ്വിയും സുപ്രിയയും നേരത്തെ വാങ്ങിയിരുന്നു. രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം കെ.എല്‍.രാഹുല്‍ എന്നിവര്‍ക്കും ഇവിടെ വീടുകളുണ്ടെന്ന് സ്‌ക്വയര്‍ യാര്‍ഡ്‌സ് പറയുന്നു.
മലയാളത്തിലാണ് സജീവമെങ്കിലും ബോളിവുഡിലും ഏറെ ആരാധകരള്ള താരമാണ് പൃഥ്വിരാജ്. അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ബഡേ മിയാന്‍ ഛോട്ടെ മിയാനിലെ കബീര്‍ എന്ന പൃഥ്വിയുടെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്ഷയ് കുമാറായിരുന്നു നായകന്‍. ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നെങ്കിലും പൃഥ്വിയുടെ വില്ലന്‍ വേഷം തിയറ്ററുകളില്‍ കൈയടി നേടി. മലയാള ചിത്രം ആടുജീവിതവും നടന് വലിയ വിജയം സമ്മാനിച്ചിരുന്നു.