ന്യൂഡൽഹി∙ യാത്രക്കാരുമായും ഡൽഹി മെട്രോ ജീവനക്കാരുമായും സംവദിച്ച് 73–ാം പിറന്നാൾ ദിനത്തിൽ ഡൽഹി മെട്രോയിൽ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് ലൈൻ, ദ്വാരക സെക്ടർ 21 മുതൽ പുതിയ മെട്രോ സ്റ്റേഷനായ ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെ നീട്ടുന്നതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തത്.
യാത്രക്കാർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്ത ശേഷം ഡൽഹിയിലെ ദ്വാരകയിൽ ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ (ഐഐസിസി – യശോഭൂമി കൺവൻഷൻ സെന്റർ) ഒന്നാം ഘട്ടം ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങവേ, മോദിയുടെ 73–ാം ജന്മദിനം വിവിധ മന്ത്രാലയങ്ങളുടെയും ബിജെപിയുടെയും നേതൃത്വത്തിൽ വിപുലമായാണ് ആഘോഷിക്കുന്നത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് പ്രധാമായും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെ തുടർപരിപാടികൾ നടക്കും. സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾ, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയ്ക്കും മന്ത്രാലയങ്ങൾ ഊന്നൽ നൽകും.