കോഴിക്കോട്: പരസ്യ പ്രസ്താവനകളിൽ കെ എം ഷാജിയോട് ലീഗ് നേതൃത്വം വിശദീകരണം തേടാനിരിക്കെ അദ്ദേഹത്തിന് പിന്തുണയുമായി എം കെ മുനീർ രംഗത്ത്. കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ് അദ്ദേഹമെന്നായിരുന്നു മുനീറിന്റെ പ്രതികരണം. കെ എം ഷാജിയെ വിമർശിച്ച് കൊണ്ട് പി കെ ഫിറോസ് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. വിഷയത്തിൽ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കെ എം ഷാജി കൂടിക്കാഴ്ച്ച നടത്തും. ലീഗിൽ നടക്കുന്നത് പാർട്ടി പുനഃസംഘടനയ്ക്ക് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കങ്ങളാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.
ഷാജിയോട് വിശദീകരണം തേടാൻ മുസ്ലീം ലീഗ് തീരുമാനിക്കുകയായിരുന്നു. ഗൾഫിലെ പരിപാടികൾക്ക് ശേഷം ഇന്നലെ ഷാജി കോഴിക്കോട് തിരിച്ചെത്തി. ഇന്നോ നാളെയോ പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.പി കെ കുഞ്ഞാലിക്കുട്ടി കെഎം ഷാജി പോരിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനങ്ങൾ സ്വാഭാവികമാണെന്ന് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു. നേതാക്കൾക്ക് എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ പാർട്ടി യോഗങ്ങളിലാണ് പറയേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു.