മാത്യു കുഴൽനാടൻ എംഎൽക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. മാത്യുവിന്റെ വസ്തുവിനും റിസോര്‍ട്ടിനും കൂടി ഏഴ് കോടി രൂപ വില വരുമെന്ന് അദ്ദേഹം ആരോപിച്ചു. ഈ തുകയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടില്ല. രജിസ്‌ട്രേഷന്‍ ഫീസില്‍ തട്ടിപ്പ് കാണിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.ചിന്നക്കനാലിൽ തനിക്കുള്ളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞതിനെ അദ്ദേഹം തള്ളിക്കളഞ്ഞു.വീട് വയ്ക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോർട്ട് പണിതു.റിസോർട്ടിൽ ഇപ്പോഴും ബുക്കിങ് തുടരുന്നു ഓൺലൈൻ ബുക്കിങ് രേഖകൾ അദ്ദേഹം പുറത്തുവിട്ടു.മാത്യു കുഴൽ നാടനും, ഭാര്യയും 2016 മുതൽ 2021 വരെ 30.5 കോടി രൂപ സ്വയാർജിത സ്വത്തായി സമ്പാദിച്ചുവെന്ന് സിഎൻ മോഹനൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സ്വത്ത് വിവരത്തിൽ 95,86,000 എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ വെളുപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സമ്പാദിച്ചതായി സി എൻ മോഹനൻ ചൂണ്ടിക്കാട്ടി.
മാത്യു കുഴൽനാടൻ വിദേശത്ത് കരിയർ ഹൗസ് എന്ന സ്ഥാപനത്തിൽ 24 ശതമാനം ഷെയർ നേടിയെന്നും സിഎൻ മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാധാരണ ഒരാൾക്ക് വിദേശത്ത് നിക്ഷേപിക്കാവുന്നത് 2.5 ലക്ഷം യിഎസ് ഡോളറിന് തുല്യമായ തുകയാണ്. മാത്യുവിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് ഇത് പരിധിയുടെ 5 ഇരട്ടിയാണെന്ന് സിഎൻ മോഹനൻ ചൂണ്ടിക്കാട്ടി. വിദേശത്ത് നിക്ഷേപം നടത്താൻ കുഴൽ നാടന് അനുമതി ലഭിച്ചോയെന്നും സിഎൻ മോഹനൻ ചോദിക്കുന്നു.കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്മാര്‍ക്ക് വിയര്‍പ്പിന്റെ വില അറിയില്ലെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ച് കുഴല്‍നാടന്‍ പറയേണ്ട കാര്യമില്ല, അത് ജനങ്ങള്‍ക്കറിയുന്ന കാര്യമാണ്. ഏഴ് കോടി രൂപ വിലയുള്ള സ്വത്ത് മൂന്ന് കോടി രൂപയ്ക്ക് കിട്ടാന്‍ കാരണം തന്റെ വൈറ്റ് മണി കാരണമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത്രയ്ക്ക് പ്രയാസമുണ്ടോ വൈറ്റ് മണിക്ക്. അങ്ങിനെയെങ്കില്‍ ഈ വൈറ്റ് മണിയുടെ ഉറവിടം വ്യക്തമാക്കാന്‍ കുഴല്‍നാടന്‍ തയ്യാറാകണം. വിഷയം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.