മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ സമരത്തിലേക്ക്. ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണ് എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വി കെ സനോജ് ആരോപിച്ചു. ചിന്നക്കനാലിലെ ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ട്. ആരോപണങ്ങൾക്ക് മറുപടി പറയാതെ മാത്യു കുഴൽനാടൻ വെല്ലുവിളിക്കുകയാണ്. എംഎൽഎ സ്ഥാനത്തിരുന്ന് കള്ളപ്പണം വെളുപ്പിക്കുന്നു. എൽ എ പട്ടയം തിരുത്തി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. എംഎൽഎയുടെ ജനവഞ്ചനയ്‌ക്കെതിരെ ഡിവൈഎഫ്ഐ സമരം സംഘടിപ്പിക്കുമെന്നും വി കെ സനോജ് വ്യക്തമാക്കി. നാളെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. മാത്യു കുഴൽനാടൻ, നേരത്തെ പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ വേണ്ടി പരസ്യ വക്കാലത്ത് എടുത്ത ആളാണെന്നും വി കെ സനോജ് ആരോപിച്ചു. അതേസമയം മാത്യുവിനെതിരായ സമരവും അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്കും സിഎംആർഎൽ പണം കൈമാറ്റ വിവാദവുമായി ബന്ധമുള്ളതല്ലെന്നും സനോജ് പറഞ്ഞു. മാത്യുവിനെതിരെ പോക്സോ കേസ് പ്രതിയെ സഹായിച്ച സംഭവത്തിൽ നേരത്തെ സമരം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ വിജിലൻസ് സംഘത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. ഇതിനായി എംഎൽഎയ്ക്ക് നോട്ടീസ് നൽകി. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമി അളന്ന് പരിശോധിക്കും. രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്.