215 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും ഇഡി പ്രതി ചേര്‍ത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാക്വിലിനെ നിരവധിത്തവണ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ 200 കോടി രൂപ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം.
തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടിയെ ചോദ്യം ചെയ്യുകയും ഏഴ് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് 5.71 കോടി രൂപ മൂല്യം വരുന്ന സമ്മാനങ്ങള്‍ സുകേഷ് ജാക്വിലിന് നല്‍കിയിരുന്നു. 52 ലക്ഷം രൂപയുടെ കുതിര, ഒന്‍പത് ലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ച എന്നിവ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. താരത്തിന്റെ കുടുംബാംഗങ്ങള്‍ക്കും വലിയ തുകകള്‍ സുകേഷ് നല്‍കിയിരുന്നതായും ഇഡി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് അറസ്റ്റിലായത്. സുകേഷിന്റെ ഭാര്യയും മലയാളി നടിയുമായ ലീന മരിയ പോളും ഇതില്‍ ഉള്‍പ്പെടുന്നു.
2017 ല്‍ അറസ്റ്റിലായ സുകാഷ് നിലവില്‍ ഡല്‍ഹി രോഹിണി ജയിലിലാണ്. സുകാഷും ജാക്വിലിനും ഡേറ്റിങ്ങിലാണെന്നാണ് സുകാഷിന്റെ അഭിഭാഷന്റെ നിലപാട്. എന്നാല്‍ ജാക്വിലിന്റെ സംഘം ഇതു നിഷേധിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ വ്യവസായിയുടെ ഭാര്യയില്‍ നിന്ന് സ്പൂഫ് കോളുകള്‍ വഴി 215 കോടി രൂപ തട്ടിയെടുത്തെന്നാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം. സുകേഷ് ഡല്‍ഹി ജയിലില്‍ കഴിയവേ, പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിയമമന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥനെന്ന വ്യാജേന ഇവരില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ജയിലിലായിരുന്ന വ്യവസായിക്ക് ജാമ്യം ലഭ്യമാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദ്ധാനം നല്‍കിയായിരുന്നു പണം തട്ടിയത്.