ശ്രീലങ്കയില്‍ മമ്മൂട്ടിയുടെ ആതിഥേയനായി ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്. ജയസൂര്യയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
”മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സര്‍, നിങ്ങള്‍ യഥാര്‍ഥ സൂപ്പര്‍സ്റ്റാറാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനായി ഞാന്‍ ക്ഷണിക്കുന്നു” എന്നാണ് ജയസൂര്യ മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.
എം.ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഷൂട്ടിംഗിനു വേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്. എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സിനിമയാക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ സംവിധായകന്‍ രഞ്ജിത്താണ് സിനിമ ഒരുക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.