ഉത്തർ പ്രദേശ് ബിജെപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം. യോഗിക്കെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കമുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചു. സംസ്ഥാന നേതൃത്ത്വത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ യോഗി മന്ത്രിമാരുടെ യോഗം വിളിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഉത്തർ പ്രദേശ് ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തേക്ക്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ സംവിധാനങ്ങൾ പാർട്ടിക്കെതിരായിരുന്നുവെന്ന വിമർശനം നേരത്തെ നേതാക്കൾ ഉയർത്തിയിരുന്നു. കേന്ദ്ര നേതൃത്ത്വം യുപിയിൽ കാര്യമായി ഇടപെടണമെന്ന് ബിജെപി എംഎൽഎമാരടക്കം ആവശ്യപ്പെടുന്നത് യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ടാണ്.അമിത ആത്മവിശ്വാസമാണ് തോൽവിക്ക് കാരണമെന്നാണ് യോഗി ആദിത്യനാഥ് ലക്നൗവിൽ നടന്ന വിശാല നേതൃയോഗത്തിൽ പറഞ്ഞത്. എന്നാൽ സർക്കാറിനേക്കാൾ വലുത് സംഘടനയാണെന്നായിരുന്നു ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണം. ഇതോടെ പാർട്ടിയും സർക്കാറും രണ്ടുതട്ടിലാണെന്നത് പരസ്യമായി. ഈ പശ്ചാത്തലത്തിൽ കേശവ് പ്രസാദ് മൗര്യ ദില്ലിയിലെത്തി ജെപി നദ്ദയെ കണ്ടു. സംസ്ഥാന അദ്ധ്യക്ഷൻ ഭുപേന്ദ്ര ചൗധരിയും കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി. ചർച്ചകൾ ഇന്നലെ അർദ്ധരാത്രി വരെ നീണ്ടു.യോഗിയുടെ ബുൾഡോസർ നയം തിരിച്ചടിയായെന്ന് മന്ത്രിയും സഖ്യകക്ഷിയായ നിഷാദ് പാർട്ടിയുടെ നേതാവുമായ സഞ്ജയ് നിഷാദും പ്രതികരിച്ചു. വിമർശനം ശക്തമായതിന് പിന്നാലെ ല്കനൗവിലെ നദീതീരത്തെ ആയിരം വീടുകൾ പൊളിച്ചുനീക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് റദ്ദാക്കിയിരുന്നു. യോഗിയെ മാറ്റി ഒബിസി വിഭാഗത്തിൽ നിന്നൊരാളെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാടും ചില പാർട്ടി നേതാക്കൾക്കുണ്ട്. യുപിയിൽ ബിജെപിക്കുള്ളിൽ തന്നെ ഓപ്പറേഷൻ താമര തുടങ്ങിയെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. യോഗി പാർട്ടിക്കുള്ളിലും കരുത്തു നേടിയ സാഹചര്യത്തിൽ സംസ്ഥാനത്തു കാണുന്ന നീക്കങ്ങൾ കേന്ദ്ര നേതൃത്വത്തിൻറെ കൂടി ആറിവോടെയാണോ എന്ന സംശയം ബലപ്പെടുകയാണ്.