രാജ്യത്തിന്റെ വൈവിധ്യം തകർക്കുന്ന ആർ.എസ്.എസ് പദ്ധതിയാണ് ഏക സിവിൽകോഡ് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള സംഘ പരിവാർ പദ്ധതിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്നും റസാഖ് പാലേരി അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി കുന്ദമംഗലത്ത് നടത്തിയ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മനുസ്‌മൃതി അടിച്ചേൽപിക്കാനുള്ള നീക്കത്തിനെതിരെ രാജ്യം ഒന്നിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
ഭൂമിയില്ലാതെ നാട്ടിൽ പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ ഭൂമി തട്ടിപ്പ് നടത്തിയ തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം. തോമസിനെ അറസ്റ്റ് ചെയ്യുകയും തട്ടിയെടുത്ത മിച്ചഭൂമി തിരിച്ചു പിടിക്കുകയും വേണം. പാർട്ടി നടപടി എടുത്ത് ഇദ്ദേഹത്തിനെ രക്ഷിക്കാനുളള ഗൂഢ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി രംഗത്തു വരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യൂനിറ്റ് പ്രസിഡന്റ് എം.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ഇ.പി. അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ, വിമൻ ജസ്റ്റിസ് ജില്ല സെക്രട്ടറി തൗഹീദ അൻവർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുൽ ഹമീദ്, എഫ്.ഐ.ടി.യു കൺവീനവർ സലീം മേലേടത്ത് എന്നിവർ സംസാരിച്ചു.
ടൗൺ കമ്മിറ്റി സെക്രട്ടറി എം.സി. അബ്ദുൽ മജീദ് സ്വാഗതവും സുമയ്യ നെടുങ്കണ്ടത്തിൽ നന്ദിയും പറഞ്ഞു.