കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് രാജ്യത്ത് 200 കോടി പിന്നിട്ടു. 2021 ജനുവരി 16 മുതല്‍ രാജ്യവ്യാപകമായി ആരംഭിച്ച വാക്സിനേഷന്‍ യജ്ഞത്തിനൊടുവിലാണ് ഇന്ത്യയില്‍ 200 കോടി വാക്സിന്‍ ഡോസുകളുടെ വിതരണം പൂര്‍ത്തീകരിച്ചത്. 18 മാസം കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. പ്രധാന മന്ത്രി നരേന്ദ്രമോദി അപൂര്‍വ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു. കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഊര്‍ജം പകരുന്ന ചരിത്ര നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ഈ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്നിച്ച എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും പൗരന്മാരെയും അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
ഇതോടെ രാജ്യത്തെ 90 ശതമാനം ആളുകള്‍ക്കും ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. രാജ്യത്താകെ 47000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലായാണ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്‌സീന്‍ നല്‍കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് എല്ലാ മുതിര്‍ന്നവര്‍ക്കും സൗജന്യ മുന്‍കരുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 75 ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് ജൂലൈ 15 മുതല്‍ ആരംഭിച്ചിട്ടുണ്ട്.