കോഴിക്കോട് : മുക്കത്ത് പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത കൊടും കുറ്റവാളി പിടിയിൽ. കൊണ്ടോട്ടി ചെറുപ്പറമ്പ് ,കാവുങ്ങൽ ,നമ്പില്ലത്ത് സ്വദേശി മുജീബ് റഹ്മാൻ (45 ) പോലീസ് പിടിയിലായത്. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഓമശ്ശേരിയിൽ വെച്ചാണ് പിടികൂടിയതെന്നാണ് ലഭ്യമാകുന്ന വിവരം.
താമരശ്ശേരി ഡി വൈ എസ് പി അഷറഫിന്റെ നിർദ്ദേശാനുസരണം, അന്വേഷണം നടത്തിയ മുക്കം സി ഐ ഷിജു ബി കെയുടെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളാണ് പ്രതിയെ പിടികൂടിയത് .
ജൂലൈ 2 നാണ് വീട്ടിൽ നിന്നും ഹോട്ടൽ ജോലിക്ക് വേണ്ടി ഓമശ്ശേരിയ്ക്ക് പോകുകയായിരുന്ന മുത്തേരി സ്വദേശിനിയെ അക്രമത്തിന് ഇരയാക്കിയത്. മുത്തേരിയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ ഇവരെ ബോധരഹിതയാക്കി മോഷണം നടത്തുകയായിരുന്നു. മുത്താലം ഭാഗത്തായുള്ള ഓവു ചാലിന് സമീപം ബോധരഹിതയായി കിടക്കുന്ന സ്ത്രീയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് നടന്ന വൈദ്യ പരിശോധനയിൽ വൃദ്ധ പീഡനത്തിന് ഇരയായെന്നു തെളിയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ മാതൃകാപരമായ ശക്തമായ ഇടപെടൽ പ്രതിയെ പിടികൂടാൻ സഹായമാക്കി.