കോട്ടയം: കോട്ടയത്തെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലും അപരശല്യം. കെ എസ് യു ജില്ലാ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ നേതാവിനെതിരെയാണ് എതിർഗ്രൂപ്പ് അപരനെ നിർത്തിയിരിക്കുന്നതെന്നാണ് ആരോപണം. പി കെ വൈശാഖ് എന്ന വൈശാഖിനെതിരെ, എം വൈശാഖിനെയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലേയ്ക്കുള്ള നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായയത്. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് അപരശല്യം വ്യക്തമായത്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കാണ് വൈശാഖ് മത്സരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയും , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ചിന്‍റു കുര്യൻ ജോയിയുടെയും പിൻതുണയോടെയാണ് വൈശാഖ് മത്സരിക്കുന്നത്.
ഇതിനിടെയാണ് അപരനെ രംഗത്തെത്തിയിരിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു വൈശാഖിന്‍റെ എതിർസ്ഥാനാർഥിയായി കെ സി ജോസഫും, ജോഷി ഫിലിപ്പും നേതൃത്വം നൽകുന്ന ഗ്രൂപ്പിന്‍റെ സ്ഥാനാർത്ഥിയായി ജെന്നിൻ ഫിലിപ്പാണ് മത്സരിക്കുന്നത്.
വൈശാഖിനെതിരെ മത്സരിക്കുന്ന അപര വൈശാഖ് എതിർ ഗ്രൂപ്പിന്‍റെ ആളാണ് എന്ന ആരോപണമാണ് ഉയരുന്നത്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന വൈശാഖ് മറ്റ് ഗ്രൂപ്പുകൾക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് വൈശാഖിനെതിരെ അപരനെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. എന്തായാലും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പുതിയ ഗ്രൂപ്പ് യുദ്ധത്തിനാണ് കോട്ടയത്ത് കളമൊരുക്കിയിരിക്കുന്നത്. അപര സ്ഥാനാർതഥിയ്‌ക്കെതിരെ വൈശാഖിനൊപ്പമുള്ളവർ ഇതിനോടകം തന്നെ പരാതിയും നൽകിയിട്ടുണ്ട്.