കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഉത്തരേന്ത്യയില്‍ ഇന്നും അക്രമം കനക്കുന്നു. ബിഹാറില്‍ ഇന്നും പ്രതിഷേധവും അക്രമവും അരങ്ങേറി. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്ക് പ്രതിഷേധക്കാര്‍ ഇന്നു രാവിലെ തീവച്ചു. ജമ്മുതാവി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് ഹാജിപുര്‍-ബറൗണി റെയില്‍വേ ലൈനില്‍ മൊഹിയുദിനഗറില്‍ വച്ചാണ് തീവച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്കു പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും അക്രമികള്‍ അഴിഞ്ഞാടി. സ്റ്റേഷന് അടിച്ച് തകര്‍ത്തു. ബിഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക്സര്‍, ലഖിസരായി,ലാക്മിനിയ എന്നിവിടങ്ങളില്‍ റെയില്‍വേ ട്രാക്കിനും അക്രമികള്‍ തീയിട്ടു.
ഉത്തര്‍പ്രദേശിലെ ബല്ലിയ റെയില്‍വേ സ്റ്റേഷനിലും ആക്രമണം ഉണ്ടായി. നിര്‍ത്തിയിട്ട ട്രെയിന്‍ അടിച്ചു തകര്‍ത്തു. സ്റ്റേഷന് നൂറിലധികം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഡിലും ബല്ലഭ്ഗഡിലും പ്രതിഷേധം ഉണ്ടായി. പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് അധികൃതര്‍ വിച്ഛദേിച്ചു.
ബെഗുര്‍സാരായ് റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചതോടെ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. കനത്ത പ്രതിഷേധത്തേത്തുടര്‍ന്ന് ബീഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു.
‘അഗ്നിപഥ്’ പദ്ധതിയുടെ പ്രായപരിധി 21 വയസായി നിശ്ചയിച്ചതിനെതിരെ ബിഹാര്‍, യുപി, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ജമ്മു, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ തെരുവില്‍ നടത്തിയ പ്രതിഷേധം വന്‍ അക്രമങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിഹാറിലെ ചപ്രയില്‍ ഇന്നലെ ട്രെയിനിനു തീയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 21 വയസില്‍നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് തീരുമാനമുണ്ടായത്.