മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയാണ് ഭിൻഡെ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്.അപകടത്തിൽ 16 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭിൻഡെ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ എട്ട് സംഘത്തെയാണ് നിയോഗിച്ചിരുന്നത്. ലോണാവാലയിൽനിന്ന് താനെയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഉദയ്പൂരിലേക്കുമാണ് ഇയാൾ രക്ഷപ്പെട്ടത്. പേരുമാറ്റി ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജോയിൻ്റ് സിപി ക്രൈം ലക്ഷ്മി ഗൗതം പറഞ്ഞു. റെയിൽവേ പൊലീസിൻ്റെ ഭൂമിയിലാണ് അനധികൃത പരസ്യബോർഡ് സ്ഥാപിച്ചത്.