Kerala

സ്നേഹം വാത്സല്യം ഒരുപിടി നല്ല ഓർമകളുമായി വനം വകുപ്പിൽ നിന്നും വിരമിക്കനൊരുങ്ങുന്ന ഉദ്യോഗസ്ഥൻ്റെ ഓർമ കുറിപ്പ്

സ്നേഹം വാത്സല്യം ഒരുപിടി നല്ല ഓർമകളുമായി വനം വകുപ്പിൽ നിന്നും വിരമിക്കനൊരുങ്ങുന്ന ഉദ്യോഗസ്ഥൻ്റെ ഓർമ കുറിപ്പ്. 1985 മാർച്ച് മാസം 1-ആം തീയതി ഞാൻ എന്റെ അച്ഛന്റെ ഓർമ്മകളുമായി കോഴിക്കോട്ടെ വനം വകുപ്പിന്റെ ഡിവിഷൻ ആസ്ഥാനത്തേക്ക് കയറി ചെല്ലുമ്പോൾ, മരിച്ചുപോയ രാധാകൃഷ്ണമേനോന്റെ മകനാണ് ഞാനെന്ന് പറഞ്ഞപ്പോൾ ഓഫീസിൽ ഉണ്ടായിരുന്നവർ നൽകിയ വാത്സല്യവും സ്നേഹവും ബഹുമാനവും എന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു… അക്കാലത്തെ യൂണീഫോമായ നിക്കറും പട്ടീസുമെല്ലാം ചുറ്റിനിൽക്കുന്ന ആ ചെറിയ പയ്യനെ കണ്ടവരുടെ ഉള്ളിൽ ആദ്യം ഊറിവന്ന ചിരിയും ആകാംക്ഷയും ഓർമ്മകളിൽ ഇന്നുമുണ്ട്. അന്നത്തെ കുറ്റ്യാടി റെയിഞ്ചിലെ പശുക്കടവ് സെക്ഷനിൽ മുളകുതോട്ടം ബീറ്റിലേക്ക് ആയിരുന്നു ആദ്യ നിയമനം. റെയിഞ്ച് ഓഫീസറുടെ മുൻപിൽ ജോലിക്ക് ഹാജരായ ശേഷം അന്നത്തെ ക്ലർക്കുമാരായ ഗംഗാധരൻ സാറും, പരേതനായ നീലകണ്ഠൻ സാറും ആ വേഷത്തിൽ എന്നെ കണ്ട് പുറമേ പരിഹാസത്തോടെയും, ഉള്ളിൽ അതീവ സ്നേഹത്തോടെയും ഒരുപാട് ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകി. അവിടെ നിന്നും പശുക്കടവ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ മുൻപിൽ ഹാജരായി സർവീസ് ജീവിതത്തിന്റെ ആദ്യ പടിയിലേക്ക് പ്രവേശിക്കുമ്പോൾ ഒരച്ഛൻ മകനോട് കാണിക്കുന്ന വാത്സല്യത്തോടെ എനിക്ക് സർവീസിലുടനീളം പ്രയോജനപ്പെട്ട നിരവധി കാര്യങ്ങൾ ശ്രീ ഗോപാലൻ സർ പറഞ്ഞുതന്നു. നിന്നെ ഞാൻ നല്ലൊരു ടീമിന്റെ കയ്യിൽ ഏല്പിക്കാം എന്ന് പറഞ്ഞ് അദ്ദേഹം എന്നെ നേരെ പറഞ്ഞുവിട്ടത് ലാൽ സാറിന്റെ കൈകളിലേക്കായിരുന്നു. അന്നുമുതൽ വനം വകുപ്പിന്റെ ബാലപാഠങ്ങൾ പകർന്നു തന്ന ഗുരുതുല്യനായ എന്റെ ആ ജേഷ്ഠസഹോദരന്റെ കീഴിൽ ഞാൻ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ ആ അനുഭവങ്ങൾ എന്റെ പിൽക്കാലത്തെ സർവീസിലും, സ്വന്തം ജീവിതത്തിലുടനീളവും ഒരു മാർഗ്ഗദീപമായി വഴികാണിച്ചിട്ടുണ്ട്.
അരിപ്പ ട്രെയിനിങ് സ്‌കൂളിലെ ട്രെയിനിങ്ങിന് ശേഷം വീണ്ടും അതേയിടത്തേക്ക് തിരിച്ചുവരാൻ എന്നെ പ്രേരിപ്പിച്ചതും ഈ അനുഭവങ്ങളായിരുന്നു. പരേതനായ അബ്ദുൽ ഖാദറിക്ക, സഹദേവേട്ടൻ, രാജഗോപാലേട്ടൻ, അങ്ങിനെ നല്ലൊരു ടീമിനൊപ്പം റെയിഞ്ചിലെ എല്ലാ ബീറ്റുകളിലും, അതിരുകൾ ഇല്ലാതെ, വേർതിരിവുകൾ ഇല്ലാതെ ഞങ്ങൾക്ക് ജോലിചെയ്യാൻ സാധിച്ചു.
അന്നത്തെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർബന്ധം കാരണം വയനാട്ടിലേക്ക് സ്ഥലം മാറുമ്പോൾ, തൊട്ടിൽ പാലം എന്ന സ്വർഗ്ഗത്തിൽ നിന്നും എന്നെ വേരോടെ പറിച്ചു നടുന്ന അനുഭവമായിരുന്നു അത്. കുറഞ്ഞ കാലത്തിനു ശേഷം ലാൽ സാറിനോടൊപ്പം ഒരു നിയോഗം പോലെ വീണ്ടും ജോലി ചെയ്യാനുള്ള അവസരമുണ്ടായി.
അങ്ങിനെ ഈ ഔദ്യോഗിക ജീവിതത്തിൽ ഫോറസ്റ്ററായി കണ്ണവം റെയിഞ്ചിലും, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറായി വീട്ടൂർ ഡിപ്പോയിലും, തുടർന്ന് മലപ്പുറം ജില്ലയിലും ജോലിചെയ്യാനുള്ള അവസരത്തിൽ എനിക്ക് സഹപ്രവർത്തകരിൽ നിന്നും ലഭിച്ച നിർലോഭ സഹകരണം കൊണ്ട് നല്ലരീതിയിൽ പ്രവർത്തിക്കാൻ സാധിച്ചു.
പുൽപ്പള്ളി സ്റ്റേഷനിൽ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറായി ചാർജ്ജെടുത്ത് വയനാട്ടിൽ വീണ്ടും തിരിച്ചെത്തുമ്പോൾ നേരിടാനുണ്ടായിരുന്നത് കടുത്ത വന്യജീവി സംഘർഷമായിരുന്നു. ഈ അവസരത്തിൽ പൊതുജനങ്ങളുടെ മുഖ്യ പങ്കാളിത്തത്തോടെ പെരിക്കല്ലൂർ, മാടൽ ഭാഗങ്ങളിൽ കൊണ്ടുവന്ന തൂക്ക് ഫെൻസിങ് വിജയകരമായി നടപ്പിലാക്കി ആ പ്രദേശത്തെ കാട്ടാനശല്യം കുറക്കാൻ സാധിച്ചിട്ടുണ്ട്. ഇതേ പദ്ധതി, ചെതലത്ത് റെയിഞ്ച് ഓഫീസറായി വന്നതിനു ശേഷം സ്റ്റാഫിന്റെ സഹകരണത്തോടെ പരമാവധി മേഖലകളിൽ നടപ്പിലാക്കിയത് കൊണ്ട് തന്നെ വർഷങ്ങളോളം തരിശുകിടന്ന വയലുകളിൽ പലതിലും കർഷകർക്ക് കൃഷിയിറക്കി നെല്ല് കൊയ്തെടുക്കാൻ സാധിച്ചു. ഇത് എന്റെ സർവീസ് ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകിയ കാര്യമാണ്. അതുപോലെ തന്നെ ഒരുപാട് ദുഃഖം നൽകിയ കാര്യങ്ങളും ഇക്കാലയളവിൽ ഉണ്ടായി. വന്യമൃഗ ആക്രമണത്തിൽ മരണപ്പെട്ടവരും, ശയ്യാവലംബരായവരും ഒരുപാട് മാനസിക പ്രയാസമുണ്ടാക്കിയ സംഭവങ്ങളാണ്.
വന്യമൃഗ ശല്യം ലഘൂകരിക്കുകയും ഒപ്പം വനസംരക്ഷണം ഉറപ്പാക്കുകയും ലക്ഷ്യം വച്ച് റെയിഞ്ചിൽ പല ഭാഗങ്ങളിലും ജനകീയ കൂട്ടായ്മകൾ ഉണ്ടാക്കിയതും, അതിൽ തന്നെ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ കഴിഞ്ഞതും ഏറെ സന്തോഷം തരുന്ന കാര്യങ്ങളാണ്. കൂടാതെ പ്രളയ സമയത്തും, കോവിഡ്‌ സമയത്തും റെയിഞ്ചിലെ ഗിരിജൻ കോളനികളിൽ ഉൾപ്പടെ ബോധവൽക്കരണവും, അടിയന്തര സഹായങ്ങളും എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പ്രാക്തന ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയർത്താൻ ജീവനക്കാരുടെ സഹായത്തോടെ വിവിധ ഇടങ്ങളിൽ പി.എസ്.സി കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞതും എനിക്ക് ഏറെ അഭിമാനം പകരുന്ന പ്രവർത്തനങ്ങളാണ്.
1990 – 95 കാലങ്ങളിൽ നിരവധി ആനക്കൊമ്പ് കേസുകൾ പിടികൂടാനും, അതുവഴി ഒരു പരിധി വരെ ആനക്കൊമ്പ് കമ്പോളം തകർക്കാനും സാധിച്ചതിൽ ഒരു പങ്കാളിയാകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഡിപ്പാർട്മെന്റിന്റെ ചില തെറ്റായ നയങ്ങളാലോ, മേലുദ്യോഗസ്ഥരുടെ ചില തീരുമാനങ്ങളെ ഒരു പരിധിയിൽ കൂടുതൽ അംഗീകരിക്കാത്തതിനാലോ ആയിരിക്കും ചിലപ്പോൾ എനിക്ക് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്ത് നിന്നും അംഗീകാരങ്ങളൊന്നും ലഭിക്കാതെപോയത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഡൽഹി ആസ്ഥാനമായ WPSI യുടെ ഒരു അവാർഡും, മുംബൈ ആസ്ഥാനമായ ABN – AMRO Sanctuary മാഗസിൻ അവാർഡും കരസ്ഥമാക്കാൻ സാധിച്ചു എന്നതിൽ ഞാൻ ഏറെ കൃതാർത്ഥനാണ്.
ഈ ജീവിതയാത്രയ്ക്കിടയിൽ പരിചയപ്പെട്ട… മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒരുപാട് മേലുദ്യോഗസ്ഥരും സഹപ്രവർത്തകരുമുണ്ട്. പേരെടുത്ത് പറയുക അസാധ്യം. ആരോടെങ്കിലും പരുഷമായി പെരുമാറിയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണം എന്ന് അപേക്ഷ.
ഈ സർവീസ് ജീവിതത്തിനിടയിൽ ഒരുതവണ കാട്ടാനയുടെ മുന്നിൽനിന്നും, രണ്ടുതവണ കടുവയുടെ മുന്നിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചത് വനത്തെയും, വന്യജീവികളെയും കുറച്ചെങ്കിലും സംരക്ഷിച്ചു നിർത്താൻ പരിശ്രമിച്ചതിന്റെ പരിണിതഫലമായി ഞാൻ കരുതുന്നു.
എല്ലാ സന്നിഗ്ധഘട്ടങ്ങളിലും എന്നോടൊപ്പം നിന്ന എന്റെ സഹപ്രവർത്തകർ, രാഷ്ട്രീയ പ്രതിനിധികൾ, ജനപ്രതിനിധികൾ, പോലീസ്, പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാർ, എം.എൽ.എ, മാധ്യമ സുഹൃത്തുക്കൾ എന്നിവരോടെല്ലാം ഈയവസരത്തിൽ ഞാൻ എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!