താമരശ്ശേരിയിൽ നിന്ന് തട്ടികൊണ്ട് പോയ പ്രവാസിയായ ഷാഫിയെ പ്രത്യേക അന്വേഷണ സംഘം കർണാടകയിൽ നിന്ന് കണ്ടെത്തി. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. കർണാടകയിൽ എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല.
ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസിന് സംഭവത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിരുന്നു.
അതേ സമയം, സംഭവത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത്. മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.

