അടുത്തിടെ നടൻ ശ്രീനിവാസൻ മോഹൻലാലിൽനെ കുറിച്ച് പറഞ്ഞ വാക്കുകൾ വിവാദമായിഒരുന്നു. മോഹൻലാൽ കാപട്യക്കാരനാണെന്നും മരിക്കും മുൻപ് എല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. ഇപ്പോളിതാ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും ശ്രീനിവാസന്റെ മകനുമായ ധ്യാൻ ശ്രീനിവാസൻ.
ശ്രീനിവാസൻ കള്ളം പറയുന്ന ആളല്ലെന്നും എന്നാൽ ഇക്കാര്യങ്ങൾ ഇപ്പോൾ പറഞ്ഞതിന്റെ പ്രസക്തി മനസിലാകുന്നില്ലെന്നും ധ്യാൻ പറഞ്ഞു. മോഹൻലാൽ പണ്ടെപ്പഴോ വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾക്കിപ്പുറം പുറത്ത് പറയുമ്പോൾ പറഞ്ഞ ആൾക്കും കേട്ട ആൾക്കും ഉണ്ടായതിനേക്കാൾ വിഷമം ശരാശരി മലയാളികൾക്കാണെന്ന് ധ്യാൻ പ്രതികരിച്ചു.
“നമ്മൾ അത്രയും ഇഷ്ടപ്പെടുന്ന രണ്ട് ആളുകൾ. അതിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് പറയുമ്പോൾ കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാക്കുന്നത്. ഒരു പരിപാടിയിൽ വെച്ച് ഇരുവരും ഉമ്മവെച്ച ചിത്രം ഡൗൺലോഡ് ചെയ്ത് ഫേസ്ബുക്കിൽ പങ്കുവെച്ച ആളാണ് ഞാൻ. അത് കണ്ടപ്പോൾ അത്രയും സന്തോഷമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇത് കേൾക്കുന്നത്. അച്ഛൻ കള്ളം പറയാറില്ല. അത് സത്യമോ അസത്യമോ ആയിക്കോട്ടേ, ഇപ്പോൾ പറയേണ്ട കാര്യം എന്തായിരുന്നു എന്ന് തോന്നിപ്പോകും. നല്ലത് പറയാൻ വേണ്ടി വാ തുറക്കാം.
ഹിപ്പോക്രസി എന്നാൽ കാപട്യം എന്നാണ് അർഥം. ഈ ലോകത്ത് കാപട്യമില്ലാത്തവർ ആരാണുള്ളത്. ആരും പറയുന്നതല്ല പ്രവർത്തിക്കുന്നത്. ‘സരോജ് കുമാർ’ ഇറങ്ങിയ ശേഷം അവരുടെ സൗഹൃദത്തിൽ വിള്ളലുണ്ടായിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം. മോഹൻലാൽ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾക്കിപ്പുറം പറയുമ്പോൾ പറഞ്ഞ ആൾക്കും കേട്ട ആൾക്കും ഉണ്ടായതിനേക്കാൾ വിഷമം ശരാശരി മലയാളികൾക്കാണ്, ഇവരുടെ സൗഹൃദം അറിയുന്നവർക്കാണ്. അങ്ങനെ മോഹൻലാൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഇപ്പോൾ പറയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു എന്ന് എനിക്ക് തോന്നി. അവർ ഒരുമിച്ച് സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യം ഇപ്പോൾ പറയുന്നതിന്റെ പ്രസക്തി എന്താണ് എന്നാണ് എന്റെ ചോദ്യം. അത് എന്റെ അച്ഛനാണെങ്കിലും ചോദിക്കും. എനിക്കത് വിഷമമുണ്ടാക്കി. തെറ്റോ ശരിയോ എന്നത് പിന്നെയാണ്,” ധ്യാൻ പറഞ്ഞു.’