കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി.
കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. എന്നാൽ കുംഭമേള തുടരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. ഇതോടെ കുംഭമേള നടത്തിപ്പിൽ അനിശ്ചിതത്വം ഉയർന്നിരുന്നു.
കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.