ചേരിഞ്ചാല്‍ – കോട്ടാംപറമ്പ് റോഡില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ഉണ്ടായ വലിയ ഗര്‍ത്തങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. കുന്ദമംഗലത്ത് പല പ്രദേശങ്ങളിലും ഇടക്കിടത്ത് ജപ്പാന്‍ പൈപ്പുകള്‍ പൊട്ടുന്നത് പതിവ് കാഴ്ചയാണ്. മര്‍ക്കസ് റോഡലും മാസങ്ങളായി പൈപ്പ് പൊട്ടിയിട്ട്. കുന്ദമംഗലം എംഎല്‍എ റോഡില്‍ നവജ്യോതി സ്‌കൂളിന് മുന്‍പില്‍ ഒരു മാസത്തോളമായി പൊട്ടിയൊലിച്ചിട്ടും നടപടിയായിട്ടില്ല.
പൈപ്പ് പൊട്ടുന്നത് സ്ഥിരമായതോടെ ഒട്ടും സ്പീഡ് ഇല്ലാതെയാണ് ഇപ്പോള്‍ വെള്ളം തുറന്ന് വിടുന്നത്. എന്നാല്‍ സ്പീഡ് ഇല്ലാത്തതിനാല്‍ ടാങ്കിലേക്കും മറ്റും വെള്ളം കയറാത്ത അവസ്ഥയായി എന്നത് മാത്രമാണ് ഫലം. പൈപ്പ് സ്ഥ്ിരമായി പൊട്ടുന്നതിനെതിരെ നാട്ടുകാര്‍ പലപ്പോഴും പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാഥൊരു മാറ്റവുമില്ല. കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന ഈ വേനല്‍ കാലത്ത് ഇത്തരത്തില്‍ വെള്ളം പാഴാകുന്നത് ഏറെ ദുഖകരമാണ്. നിലവാരമില്ലാത്ത പൈപ്പുകളും മറ്റും ഉപയോഗിക്കുന്നതാണ് ഇത്തരത്തില്‍ ഇടക്കിടക്ക് പൈപ്പ് പൊട്ടുവാന്‍ കാരണമാവുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.