ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചി ഇ ഡി ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് 9 മണിക്കൂറോളം ചോദ്യം ചെയ്തത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതിലാണ് പ്രധാനമായും അന്വേഷണം.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിപട്ടികയിലുള്ള ഓരോ ആളുകളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടരുകയാണ്. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ ഇന്ന് ഹാജരായി. ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ പുറത്തേയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊണ്ടുപോകാമെന്ന് മിനിട് സില്‍ തിരുത്തി എഴുതിയത് ജയശ്രീ എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന വ്യവസ്ഥയിലായിരുന്നു അറസ്റ്റ് തടഞ്ഞത്.
തുടര്‍ന്ന് എസ്‌ഐടി ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിന് തൊട്ടുപുറകെയാണ് ഇ ഡി സമന്‍സ് അയച്ചത്. മുരാരി ബാബു, ശ്രീകുമാര്‍, സുധീഷ് കുമാര്‍ എന്നിവരെ ഇ.ഡി ചോദ്യം ചെയ്തു കഴിഞ്ഞു. സ്വര്‍ണ്ണക്കൊള്ള യില്‍ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കല്‍പേഷും ഉടന്‍ ഇ.ഡിക്കു മുന്‍പില്‍ എത്തും. ശബരിമല സ്വര്‍ണ്ണക്കൊള്ള യുടെ മറവിലുള്ള കള്ളപ്പണ ഇടപാട് , അനധികൃത സ്വത്ത് സമ്പാദനം, വഴിവിട്ട ഇടപെടലുകള്‍ എന്നിവയാണ് പ്രധാനമായും ഇഡിയുടെ അന്വേഷണപരിധിയിലുള്ളത്. കേസില്‍ സാക്ഷിയായ നടന്‍ ജയറാമിനോട് നാളെ ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഇവരെയെല്ലാം ചോദ്യംചെയ്ത ശേഷം ആയിരിക്കും പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ചുവരുത്തുന്നത്. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഒരുകോടി 30 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടിയിരുന്നു.

