കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി. വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ട പറമ്പില്‍ നിന്നാണ് ഷര്‍ട്ട് കണ്ടെത്തിയത്. ചളിപുരണ്ട ഷര്‍ട്ടിന്റെ പോക്കറ്റില്‍ 140 രൂപയും ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും ഉണ്ടായിരുന്നു.
ദേഹത്ത് ഷര്‍ട്ട് ഇല്ലാതിരുന്നതിനാല്‍ വിശ്വനാഥനെ കൊന്ന് കെട്ടിത്തൂക്കി എന്ന പരാതി ആദ്യഘട്ടത്തില്‍ തന്നെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിയ്ക്കാനെത്തിയ വിശ്വനാഥനെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം വിശ്വനാഥന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യത്തില്‍ നിന്നും കുടുംബം പിന്മാറിയെങ്കിലും ശക്തമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
വയനാട്ടിലെത്തി വിശ്വനാഥന്റെ അമ്മയുടെയും ഭാര്യയുടെയും മൊഴിയെടുത്ത പ്രത്യക സംഘം അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ്. ആശുപത്രി പരിസരത്ത് വെച്ച് വിശ്വനാഥനെ ചോദ്യം ചെയ്തവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന തുടങ്ങിയതായി എസിപി കെ സുദര്‍ശന്‍ പറഞ്ഞു.