സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ സൂരജ് ടി ഇലഞ്ഞിക്കല്‍ വക്കാലത്തൊഴിഞ്ഞു. വക്കാലത്തൊഴിഞ്ഞതിന്റെ കാരണം വ്യക്തമല്ല. സ്വപ്നയുടെ കേസ് പരിഗണിക്കുന്ന കൊച്ചി എന്‍ഐഎ കോടതിയില്‍ അഭിഭാഷകന്‍ നിലപാടറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണക്കടക്ക് കേസ് വീണ്ടും സജീവ ചര്‍ച്ചയാവുന്നതിനിടെയാണ് അഭിഭാഷകന്റെ പിന്‍മാറ്റം എന്നതും ശ്രദ്ധേയമാണ്. കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയാണ് എന്ന ആരോപണങ്ങളുമായി എം ശിവശങ്കര്‍ ഐഎഎസ് പുസ്തകമെഴുതിയതിന് പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ശിവങ്കറിന്റെ അവകാശവാദങ്ങള്‍ക്ക് എതിരെ സ്വപ്‌ന സുരേഷ് രംഗത്തെത്തുകയും ചെയ്തതോടെ വിവാദം കൊടുമ്പിരികൊണ്ടു.
ഇതിനിടെ സ്വപ്‌നയില്‍ നിന്നും അഭിഭാഷകന്‍ വലിയ തോതില്‍ പണം തട്ടിയെന്ന ആരോപണവുമായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജും രംഗത്ത് എത്തിയിരുന്നു.സ്വപ്‌നയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തു എന്നുള്‍പ്പെടെ പറഞ്ഞ പിസി ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കി അഭിഭാഷകന്റെ വീടിന് മുന്നില്‍ സമരം ഇരിക്കുമെന്നും പ്രതികരിച്ചിരുന്നു.