എസ് എൻ ട്രസ്റ്റിന്റെ ബൈലോയിൽ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതി അംഗീകാരം.വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്.കേസിൽ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്.കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ. കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു മാരാരിക്കുളം പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തില്‍ ബൈലോയിലെ ഭേദഗതി വെള്ളാപ്പള്ളിക്ക് തിരിച്ചടിയാണ്.
എസ്എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതി;കേസുകളില്‍പ്പെട്ടവര്‍ എസ് എന്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ വേണ്ട

