കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന് തുറന്ന കത്തുമായി വിദ്യാര്‍ഥികള്‍.ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖത്തില്‍ അടൂര്‍ അധ്യാപകനായ എം ജി ജ്യോതിഷി ഉഴപ്പനെന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടുവര്‍ഷത്തോളമായി അധ്യാപകനാണ് ജ്യോതിഷ്. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ അധ്യാപനത്തിനെതിരെ യാതൊരു പരാതിയും ഉയര്‍ന്നിട്ടില്ല. മലയാള സിനിമയിലെ പല നടീ നടന്മാര്‍ക്കും പരിശീലനം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ജ്യോതിഷിന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികളും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. അവിടുത്തെ പ്രൊജക്ടുകള്‍ പോലും നേരിട്ട് കാണാത്ത താങ്കള്‍ക്ക് അതിനെക്കുറിച്ച് അറിയാന്‍ സാധ്യതയില്ല- എന്ന് കത്തില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ മികച്ച അഭിപ്രായമുള്ള ഒരു അധ്യാപകനെ ഉഴപ്പന്‍ എന്ന് മുദ്രകുത്തുന്നതിലൂടെ താങ്കളുടെ മനസിലും ഇന്‍സ്റ്റിറ്റ്യൂട്ടിലും ജാതി എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പുറം ലോകത്തിന് കാട്ടികൊടുത്തതില്‍ താങ്കളോട് ഒരു പാട് നന്ദി. അധ്യാപകന്‍ എത്ര മികച്ചതാണെങ്കിലും അയാള്‍ പിന്നോക്ക സമുദായത്തില്‍ പെട്ടയാള്‍ ആണെങ്കില്‍ അയാള്‍ ഉഴപ്പനും കൊള്ളരുതാത്തവനും ഒക്കെയായി മാറ്റപ്പെടുന്നത് അങ്ങയുടെ പേരില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്റെ ധാര്‍ഷ്ട്യം തന്നെയാണ് – കത്തില്‍ പറയുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും നടക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്. ആരോപണ വിധേയനായ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാട് അടൂര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.