കോട്ടയം: ഏറ്റുമാനൂരിൽ കാറിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ച കേസിൽ പേരൂർ സ്വദേശി ഷോൺ മാത്യുവിന് അഞ്ചു വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം അഡീഷനൽ സെഷൻ ജഡ്ജി സാനു എസ് പണിക്കരാണ് കേസിൽ വിധി പറഞ്ഞത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കേണ്ടിവരും.2019 മാർച്ച് നാലിനാണ് അപകടം നടന്നത്. അപകടത്തിൽ കാവുംപാടം കോളനിയിൽ താമസിച്ചിരുന്ന ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവരാണ് മരിച്ചത്. മകൾ നൈനുവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ, നടന്നുപോകുകയായിരുന്ന മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും 10 മീറ്ററോളം ദൂരേക്കു തെറിച്ചു പോയി. ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിച്ചത്.