അഫ്ഗാനിസ്ഥാനിൽ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി.ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു ആയുധധാരികളായ ഒരു സംഘം ആളുകൾ ഇവർക്ക് നേരെ ആക്രമണം നടത്തിയത്. അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിൽ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന.
അഫ്ഗാനിസ്ഥാനിലെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. അഫ്ഗാൻ സുപ്രീം കോടതിയിൽ ഏകദേശം 200 ലധികം വനിതാ ജഡ്ജിമാർ ജോലി ചെയ്യുന്നുണ്ട്. ഇതിനു മുൻപും അഫ്ഗാൻ സുപ്രീം കോടതി ലക്ഷ്യമാക്കി ആക്രമങ്ങൾ നടന്നിരുന്നു.
2017ല്‍ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസങ്ങളിളായി അഫ്ഗാനിലെ പ്രശസ്തരായ രാഷ്ട്രീയക്കാരെയും, മാധ്യമ പ്രവർത്തകരെയും, ഡോക്ടർമാരെയും , വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.