പാലക്കാട്: മെക് 7 വ്യായാമത്തിനെ മറയാക്കി മുസ്‌ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സന്ദീപ് വാര്യര്‍ രംഗത്ത്. മലപ്പുറത്തോ കോഴിക്കോടോ ഹോട്ടലില്‍ പോയാലും ജിംനേഷ്യത്തില്‍ പോയാലും റേഷന്‍ കടയില്‍ പോയാലും മുസ്ലിങ്ങള്‍ എണ്ണത്തില്‍ കൂടുതലുണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. എന്ന് കരുതി റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്നവര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും ? ഈ നാട്ടിലെ മനുഷ്യര്‍ക്ക് വ്യായാമം ചെയ്യണമെങ്കിലും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണോ ? എന്നാണ് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ സന്ദീപ് വാര്യര്‍ ചോദിക്കുന്നത്.
കുറിപ്പ് പൂര്‍ണരൂപത്തില്‍
മലപ്പുറത്തോ കോഴിക്കോടോ ഹോട്ടലില്‍ പോയാലും ജിംനേഷ്യത്തില്‍ പോയാലും റേഷന്‍ കടയില്‍ പോയാലും മുസ്ലിങ്ങള്‍ എണ്ണത്തില്‍ കൂടുതലുണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. എന്ന് കരുതി റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്നവര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും ?
ഈ നാട്ടിലെ മനുഷ്യര്‍ക്ക് വ്യായാമം ചെയ്യണമെങ്കിലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണോ ? ബിജെപിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതോ ബിജെപി പറഞ്ഞാല്‍ ജനങ്ങള്‍ ഏറ്റെടുക്കാത്തതോ ആയ മുസ്ലിം വിരുദ്ധത നാട്ടിലാകെ പ്രചരിപ്പിക്കുന്നത് സിപിഎം ആണെന്ന് ആവര്‍ത്തിച്ച് അടിവരയിടുന്നതാണ് മെക് സെവന്‍ വിവാദവും . പാലക്കാട്ടെ പത്ര പരസ്യം പോലെ സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധത മെക് സെവനിലും പുറത്തുവന്നിരിക്കുകയാണ് .
കോണ്‍സ്പിരസി തിയറികള്‍ പടച്ചുവിട്ട് മനുഷ്യരെ ഭിന്നിപ്പിക്കുന്ന പരിപാടികള്‍ അവസാനിപ്പിക്കുന്നതാണ് നമ്മുടെ നാടിനു ഗുണകരം. ബിജെപിയുടെ കൊട്ടേഷന്‍ ഏറ്റെടുത്ത് സിപിഎം നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ ഈ നാട് തള്ളിക്കളയുക തന്നെ ചെയ്യും.
മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തിയിരുന്നു. ഈ കൂട്ടായ്മക്ക് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടില്‍ പെട്ടവരാണ് മെക് 7ന് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നുമാണ് പി. മോഹനന്റെ ആരോപണം. 10 പൈസ ചെലവില്ലാതെ തുറസ്സായ സ്ഥലത്ത് നടക്കുന്ന ഈ വ്യായാമം ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്ര വാദത്തിന് മറയിടാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും പി. മോഹനന്‍ ആരോപിച്ചു.