കോഴിക്കോട്: കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്‌ലിം ലീഗ് എം.എൽ.എയെ ഉൾപ്പെടുത്തിയതിൽ തെറ്റില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എയെ ഭരണസമിതി അംഗമാക്കാനുള്ള തീരുമാനം പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്. സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിൽ നേരത്തെ ലീഗ് പ്രതിനിധി ഉണ്ടായിരുന്നു. നേരത്തെയുള്ള സംവിധാനത്തിന്റെ തുടർച്ചയാണ് ഇപ്പോളത്തേത് എന്നും പിഎംഎ സലാം പറഞ്ഞു. ഔദ്യാഗികമായി ഈ വിഷയത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല. സഹകരണ മേഖലയിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സഹകരണ മേഖലയിൽ എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ലീഗ് നിലപാട് എന്നും പിഎംഎ സലാം കോഴിക്കോട്ട് പറഞ്ഞു. കേരളാ ബാങ്കിൽ ആദ്യമായാണ് ഒരു യു.ഡി.എഫ് എം.എൽ.എ ഭരണസമിതി അംഗമാകുന്നത്. നിലവിൽ മലപ്പുറം ജില്ലയിൽനിന്ന് കേരളാ ബാങ്കിൽ ഡയറക്ടർമാരില്ല. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിച്ചതിനെതിരെ ലീഗ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. നിയമപോരാട്ടം തുടരുമ്പോൾ ലീഗ് എം.എൽ.എയെ ഡയറക്ടർ ബോർഡിലേക്ക് കൊണ്ടുവരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നാണ് ലീഗിനുള്ളിൽ നിന്നും തന്നെ വിമർശം ഉയരുന്നുണ്ട്.