കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാൻ ഉമ്മൻ ചാണ്ടി ദില്ലിയിൽ. ഇനിയുള്ള പുന:സംഘടന നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടും. നാളെ സോണിയ ഗാന്ധിയെ കാണും
സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലാപാട്. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നും ഗ്രൂപ്പുകൾ പറയുന്നു. പാർട്ടിയിലെ ഭൂരിഭാഗവും ഈ ആവശ്യം ഉന്നയിക്കുന്നവരാണെന്നും ഗ്രൂപ്പുകൾ പറയുന്നു . ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ദില്ലിയിലെത്തിയിരിക്കുന്നത്.
കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി കേരളത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇടപെടലാണ് കെ സി വേണുഗോപാല്‍ ഉണ്ടാക്കുന്നതെന്നും വ്യക്തിതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉചിതമല്ലാത്ത ആളുകളെ സ്ഥാനങ്ങളിലേക്ക് തിരുകികയറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നതും അടക്കമാണ് സോണിയാ ഗാന്ധിക്കുമുന്നിലെത്തുന്ന പരാതികള്‍.