അങ്കമാലിയിലെ ബാറിൽ അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. നിരവധി കേസുകളിൽ പ്രതിയായ കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരനാണ് മരിച്ചത്. 32 വയസായിരുന്നു. അങ്കമാലി പട്ടണത്തിലെ ഹിൽസ് പാർക്ക് ബാറിലുണ്ടായ അടിപിടിക്കിടെയാണ് ആഷിക്കിന് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോഴാണ് ബാറിൽ ഒന്നും രണ്ടും പറഞ്ഞ് അടിപിടിയുണ്ടായതും അതിനിടെ ആഷിക്കിന് കുത്തേറ്റതും. വിവരമറിഞ്ഞെത്തിയ അങ്കമാലി പൊലീസും ഫോറൻസിക് സംഘവും ബാറിലെത്തി പരിശോധന നടത്തി അന്വേഷണ നടപടികൾ തുടങ്ങി. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മാർട്ടം.