ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്.പ്രതികള്‍ കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ തയ്യാറെടുത്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.നരബലിക്കുമുമ്പ്, ഇലന്തൂരിലെ വീട്ടില്‍ ജോലിക്കെത്തിയ യുവതിയേയും മറ്റൊരു ലോട്ടറി വില്‍പ്പനക്കാരിയേയും അപായപ്പെടുത്താന്‍ ശ്രമിച്ചു. കെട്ടിയിടാന്‍ ശ്രമിക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരി ഓടിരക്ഷപ്പെടുകയായിരുന്നു.പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇലന്തൂർ ഇരട്ട നരബലി കേസിൽ ഒരുപാട് തെളിവുകളാണ് പ്രതികൾക്കെതിരെ പുറത്തുവന്നത്. സ്ത്രീകൾ ആ വീട്ടിൽ വന്നതും ഉപദ്രവിക്കപ്പെട്ടതുമെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്.അതേസമയം, ആഭിചാരവുമായി ബന്ധപ്പെട്ട രണ്ടു പുസ്തകങ്ങൾ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിൽനിന്നു കണ്ടെത്തി. മലയാളത്തിൽ ഉള്ള പുസ്തകങ്ങളാണ് രണ്ടും. മനുഷ്യമാംസം കഴിച്ചത് ഷാഫിയും ഭഗവൽസിങ്ങും മാത്രമാണ് എന്നാണു മൊഴി. ലൈല ഭക്ഷിച്ചില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ചെറിയ അളവിൽ മാത്രമാണു കഴിച്ചത്. മാംസം പാകം ചെയ്ത പ്രഷർ കുക്കർ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയച്ചു.