തിരുവനന്തപുരത്ത് എം.എന്‍ സ്മാരകത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്. ഇടത് മുന്നണി പ്രവേശനം വൈകില്ലെന്നാണ് കൂടിക്കാഴ്ച്ചക്ക് ശേഷം ജോസ്. കെ മാണി പ്രതികരിച്ചത് . ഇന്നലെ വൈകിട്ടാണ് നേതാക്കളെ കാണാനായി ജോസ് കെ. മാണി തിരുവനന്തപുരത്ത് എത്തിയത്.
എന്നാല്‍ സി.പി.എം നേതാക്കളെ കാണാതെ ആദ്യം തന്നെ തങ്ങളുടെ ഇടത് മുന്നണി പ്രവേശനത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാണാനെത്തിയതിൽ രാഷ്ട്രീയ തന്ത്രമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത് . യു.ഡി.എഫില്‍ ഒന്നും നേടാനാകാതെ വെന്‍റിലേറ്ററിലായ പാര്‍ട്ടികളുടെ അഭയകേന്ദ്രമല്ല ഇടതുമുന്നണിയെന്നും അവര്‍ വന്നതുകൊണ്ട് കാര്യമായ ഗുണമുണ്ടാകില്ലെന്നും നേരത്തെ കാനം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോസ് കെ. മാണി-കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച ശ്രദ്ധേയമാകുന്നത്.