ന്യൂഡല്‍ഹി : സൗദി അറേബ്യയിലെ ആരാംകോ എണ്ണശുദ്ധീകരണ ശാലയിലുണ്ടായ ഹൂതി വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കുത്തനെ കൂടി. എണ്ണ ഉത്പാദനത്തിലുണ്ടായ കുറവാണ് വില വര്‍ധനവിന് കാരണം.
അസംസ്‌കൃത എണ്ണയുടെ വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി. ബ്രെന്റ് ക്രൂഡിന്റെ വില 20 ശതമാനം വരെ വര്‍ധിച്ചു. 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. വില ബാരലിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
മുമ്പ് ഇറാഖ്- കുവൈറ്റ് യുദ്ധ കാലത്തുമാത്രമാണ് എണ്ണ വിലയില്‍ ഇത്രയേറെ വര്‍ധനവുണ്ടായത്. വരും ദിവസങ്ങളിലും എണ്ണ വില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയില്‍ എണ്ണ ഉത്പാദനം പൂര്‍വസ്ഥിതിയിലാകാന്‍ ആഴ്ചകള്‍ എടുത്തേക്കുമെന്നാണ് സൂചനകള്‍.
സൗദി അറേബ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ എണ്ണ വിലയിലെ വന്‍ വര്‍ധന ഇന്ത്യന്‍ വിപണിയിലും കാര്യമായി പ്രതിഫലിക്കും. നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന് വിപണിയില്‍ ബാരലിന് 60.04 ഡോളറാണ് വില. സൗദി പ്രതിസന്ധിയോടെ ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 60,000 കോടിയോളം രൂപയുടെ വര്‍ധനയുണ്ടാകും.