പോർട്ട് ലൂയിസ്: ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച എണ്ണക്കപ്പൽ രണ്ടായി പിളർന്നു. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ കപ്പലാണു തകർന്നത്. പാരിസ്ഥിതിക സംരക്ഷിത പ്രദേശത്ത് ടൺ കണക്കിന് ക്രൂഡ് ഓയിൽ പടരുന്നതു വൻ ദുരന്തത്തിലേക്കു നയിക്കുമെന്നാണ് ആശങ്ക. ടൂറിസത്തിൽനിന്നുള്ള വരുമാനം പ്രധാനമായ മൗറീഷ്യനെ സംബന്ധിച്ചിടത്തോളം ദശാബ്ദങ്ങൾ നീളുന്ന ദുരന്തമാണു കടലിൽ കാത്തിരിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. പ്രശ്നത്തിന്റെ വ്യാപ്തി ഇപ്പോഴും പൂർണമായി പഠിച്ചെടുക്കാനായിട്ടില്ല.
ചൈനയിൽനിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജൂലൈ 25ന് ആണ് കപ്പൽ പവിഴപ്പുറ്റിൽ ഇടിച്ചത്. തിരമാലകളുടെ തുടർച്ചയായ അടിയേറ്റ് കപ്പലിന്റെ പള്ളയിലെ പൊട്ടൽ വലുതാവുകയും കഴിഞ്ഞദിവസം രണ്ടായി പിളരുകയുമായിരുന്നു. ഓഗസ്റ്റ് 6 മുതൽ ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിച്ചേർന്നത്. കണ്ടൽക്കാടുകളുടെയും വംശനാശഭീഷണി നേരിടുന്ന ജീവികളുടെയും ആവാസകേന്ദ്രമായ സംരക്ഷിത കടൽപ്പാർക്കിനു കടുത്ത ഭീഷണിയാണ് ഇന്ധനച്ചോർച്ച സൃഷ്ടിച്ചത്.
കഴിഞ്ഞയാഴ്ച മൗറീഷ്യസിൽ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കപ്പലിൽ ശേഷിക്കുന്ന 3000 ടൺ എണ്ണ പമ്പ് ചെയ്തെടുക്കാനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. എണ്ണപ്പാളി പവിഴപ്പുറ്റുകളുടെ നാശത്തിനു വഴിവയ്ക്കുമെന്നു പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകി. മത്സ്യ സമ്പത്തിനെയും ബാധിക്കും. എണ്ണച്ചോർച്ചയിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും മൗറീഷ്യസിലേക്ക് അയയ്ക്കുമെന്നു ജാപ്പനീസ് പരിസ്ഥിതി മന്ത്രി ഷിൻജിറോ കൊയിസുമി പറഞ്ഞു.
അപകടമുണ്ടായി ഇത്ര ദിവസത്തിനുശേഷവും കപ്പലിലെ എണ്ണ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നു മൗറീഷ്യസ് സർക്കാരിനെതിരെ വിമർശനമുയർന്നു. മോശം കാലാവസ്ഥയാണു രക്ഷാപ്രവർത്തനം വൈകിപ്പിച്ചതെന്നാണു പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്ത് പറയുന്നത്. വരുംനാളുകളിൽ 15 അടി വരെ ഉയരത്തിൽ തിരമാലകളുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനാൽത്തന്നെ കൂടുതൽ എണ്ണ ചുറ്റിലും പടരാനും സാധ്യതയുണ്ട്.
കരയിൽനിന്ന് 16 കിലോമീറ്റർ (10 മൈൽ) അകലെ കപ്പൽ നിർത്താനാണു നിർദേശിച്ചിരുന്നതെന്നും അപകടകാരണം അന്വേഷിക്കുമെന്നും ഉടമകളായ നാഗാഷിക്കി ഷിപ്പിങ് അറിയിച്ചു. കമ്പനിയിൽനിന്നു മൗറീഷ്യസ് സർക്കാർ നഷ്ടപരിഹാരം തേടിയിട്ടുണ്ട്. ജപ്പാനും ഫ്രാന്‍സും എണ്ണനീക്കത്തിന് മൗറീഷ്യസിനെ സഹായിക്കുന്നുണ്ട്.