മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അപ്പര്‍ റൂള്‍ ലവലിലെത്തിയാല്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നേക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 7,000 ഘനയടിയിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 1,844 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
സ്പില്‍ വേ തുറക്കുന്നത് മുന്നില്‍ കണ്ടു കൊണ്ടുള്ള ഒരുക്കങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. റൂള്‍ കര്‍വ് തല്‍സ്ഥിതിയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി കൂടുതല്‍ വരുന്ന ജലം മുഴുവന്‍ പെരിയാറിലേക്ക് മുന്നറിയിപ്പില്ലാതെ ഒഴുക്കി വിടുന്ന സ്ഥിതി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലടക്കം കേസുകള്‍ വരികയും, കേരളം ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം കൂടുതല്‍ അധികാരമുള്ള കമ്മിറ്റിയെ മുല്ലപ്പെരിയാറില്‍ നിയോഗിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ സാഹചര്യം ഈ വര്‍ഷങ്ങളില്‍ ഉണ്ടാകില്ല എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഡാമിലും ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ നാളെയോട് കൂടി തന്നെ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളത്തിന്റെ അളവ് ഉയരുമെന്നാണ് വിവരം.