താമരശ്ശേരി റെയിഞ്ച് പരിധിയിൽ വരുന്ന തലക്കുളത്തൂർ അന്നശ്ശേരി ജുമാമസ്ജിദ് വക സ്ഥലത്ത് നിന്നും ചന്ദന തടികൾ മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കണ്ണിപറമ്പ് സ്വദേശി നായന്നൂർ മീത്തൽ അബൂബക്കർ, (70), കുറ്റിക്കടവ് സ്വദേശി കാളാമ്പലത്ത് അബ്ദുൽ കരീം .കെ.ടി (54) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും 30 കിലോയോളം ചന്ദനവും ആയുധങ്ങളും മോട്ടോർ സൈക്കിളും പിടികൂടി. തുടർന്നു പ്രതികളിൽ നിന്നുള്ള വിവരത്തിന്റ അടിസ്ഥാനത്തിൽ ആക്കോട് മൂലോട്ട്പറമ്പിൽ മുഹമ്മദിന്റ്റെ മകനായ അഷ്റഫ് എം.പി (40)യുടെ വീട്ടിൽ നിന്നും ചെത്തി ഒരുക്കിയ ചന്ദനത്തടികളും ചന്ദനചീളുകളും കണ്ടെടുത്തു. പ്രതികളെ താമരശ്ശേരി ജെ.എഫ്.സി.എം കോടതി റിമാന്റ് ചെയ്തു കോഴിക്കോട് സബ് ജയിലിലേക്ക് അയച്ചു. കോഴിക്കോട് ഡി.എഫ്.ഒ അബ്ദുൾ ലത്തീഫ് ചോലക്കലിന് കിട്ടിയ രഹസ്യവിവരത്തിൽ താമരശ്ശേരി റെയിഞ്ച് ഓഫീസർ എം.കെ.രാജീവ്കുമാറിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി.കെ.പ്രവീൺ കുമാർ, എം.സി.വിജയകുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഭവ്യ ഭാസ്കർ, ആൻസി ഡയാന, ഡ്രൈവർ ജിതേഷ് എന്നീ സംഘമാണ് പ്രതികളെ പിടികൂടിയത്.