ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവ വാര്യര്‍ തന്റെ സുഹൃത്താണെന്ന് മുന്‍ മന്ത്രി കെ.ടി.ജലീല്‍. മാധവവാര്യര്‍ ജലീലിന്റെ ബെനാമിയാണെന്നു സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുറച്ചു ദിവസമായി പച്ചക്കളങ്ങളുടെ കുത്തൊഴുക്കാണ്. മാധവ വാര്യരെ കുറച്ചു കാലമായി അറിയാം. തിരുനാവായിലെ മാധവ് വാര്യരുടെ ബാലസദനത്തില്‍ പോയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് മാധവ വാര്യര്‍ വീട് വച്ചു നല്‍കിയിട്ടുണ്ട്. എച്ച്ആര്‍ഡിഎസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില തര്‍ക്കങ്ങള്‍ ഉണ്ട്. അട്ടപ്പാടിയില്‍ വീട് വച്ച് നല്‍കിയതിന് പണം നല്കാത്തതിന് എച്ച്ആര്‍ഡിഎസിനെതിരെ മാധവ് ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. അതാണ് ഈ കേസുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. തനിക്ക് മാധവ വാര്യരുമായി ഉള്ളത് സുഹൃദ് ബന്ധം മാത്രമാണ്. മറ്റൊരു ബന്ധവുമില്ല. തന്റെയും അദ്ദേഹത്തിന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും കെ ടി ജലീല്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്തുകേസില്‍ ഏതു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഷാര്‍ജ ഭരണാധികാരിക്കു ഡി ലിറ്റ് കൊടുക്കാന്‍ തീരുമാനിച്ചത് 2014ലാണ്. അന്ന് പി.കെ.അബ്ദുറബ്ബാണ് വിദ്യാഭ്യാസമന്ത്രി. ഡി ലിറ്റ് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ മന്ത്രിയല്ല. ബിരുദം സംബന്ധിച്ച കാര്യങ്ങള്‍ സര്‍വകലാശാലയോടാണ് ചോദിക്കേണ്ടത്. പുട്ടിനു തേങ്ങയിടുന്നതുപോലെയാണ് സ്വപ്ന വെളിപ്പെടുത്തല്‍ നടത്തുന്നത്.
പിണറായിയെ കുറിച്ചു നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുന്നു. ഇതെല്ലാം അന്വേഷിക്കണം. നേരത്തെ താന്‍ നല്‍കിയ പരാതിയില്‍ ഇതും ഉള്‍പ്പെടുത്തി അന്വേഷിക്കണം. ഷാര്‍ജ സുല്‍ത്താന് പൊന്നും പണവും നല്‍കിയെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. വിദേശനേതാക്കളെ അപമാനിക്കുകയാണ്. കേസ് എടുത്ത് അന്വേഷിക്കണം കെ.ടി.ജലീല്‍ പറഞ്ഞു.