പ്രവാചക നിന്ദ പരാമർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.ഉത്തർപ്രദേശ് സർക്കാരിന്റെ കയ്യേറ്റ വിരുദ്ധ യജ്ഞം ചട്ടങ്ങൾക്കനുസൃതമായി നടത്തണമെന്ന് സുപ്രീം കോടതി അറിയിച്ചു.മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചു. അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും വാദം കേൾക്കും.കേസ് പരിഗണിക്കവേ, പ്രയാഗ്രാജിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങൾ യുപി സർക്കാർ പാലിച്ചിരുന്നോയെന്ന് സുപ്രീംകോടതി ചോദിച്ചു. പൊളിക്കുന്നത് സംബന്ധിച്ച് ഒരു മാസം മുമ്പ് നോട്ടീസ് നൽകിയതാണെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു.അടിയന്തിരാവസ്ഥക്കാലത്ത് പോലും ഇല്ലാത്ത നടപടികളാണ് യുപിയിൽ ഇപ്പോൾ നടക്കുന്നതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ സി.യു സിങ്, ഹുസേഫ അഹമദി എന്നിവർ ചൂണ്ടിക്കാട്ടി.എന്നാൽ പൊളിച്ചുനീക്കിയ വീടുകളുടെ ഉടമകൾ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജംഇയത്തുല് ഉലമ കോടതിയെ സമീപിച്ചത്. അനധികൃത നിർമ്മാണങ്ങളാണ് നീക്കംചെയ്യുന്നത്. അത് ഏത് മതസ്ഥരുടേതാണെങ്കിലും നീക്കംചെയ്യുമെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
]ഹർജി ഇനി പരിഗണിക്കുന്ന ചൊവ്വാഴ്ച്ച വരെ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടാകരുതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, വിക്രംനാഥ് എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജിയിൽ വാദംകേട്ടത്.

