കളമശേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ രോഗി തന്നെ ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് ആക്രമത്തിനിരയായ ഡോക്ടർ ഇർഫാൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി മദ്യ ലഹരിയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.
അപകടം സംഭവിച്ച് ചികിത്സക്കെത്തിയതായിരുന്നു പ്രതി ഡോയൽ. പ്രാഥമിക ചികിത്സ കഴിഞ്ഞതോടെ ഡോയലിന്റെ സ്വഭാവം മാറുകയായിരുന്നെന്ന് ഡോ. ഇർഫാൻ പറഞ്ഞു.
‘മറ്റ് പേഷ്യന്റ്‌സിന്റെ അടുത്ത് പ്രൊസീജ്യറിനായി പോയപ്പോഴാണ് ഇയാളുടെ മട്ട് മാറുന്നത്. ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ ദേഷ്യപ്പെടുകയും അസഭ്യം പറയുകയും, വധ ഭീഷണി മുഴക്കുകയും ചെയ്തു. നീയൊരു ഡോക്ടറാണ്, നിന്നെ എനിക്ക് എന്ത് വേണമെങ്കിലും ചോദിക്കാം എന്ന തരത്തിലായിരുന്നു സംസാരം. പിന്നാലെ ഇയാൾ മർദിക്കുകയായിരുന്നു. മറ്റ് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് അദ്ദേഹത്തെ പിടിച്ചുമാറ്റിയത്’- ഡോ.ഇർഫാൻ പറഞ്ഞു.
ഇന്നലെ രാത്രി 11 മണിയോടെ യാണ് സംഭവം നടന്നത്. അപകടം സംഭവിച്ചതിനെ തുടർന്ന് ഡോയലിനെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണം നടന്നതിനെ തുടർന്ന് കളമശേരി പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രെജിസ്റ്റർ ചെയ്യുകയായിരുന്നു.

