അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ന്യൂ മെക്സിക്കോയിൽ യുവാവിന്റെ വെടിയേറ്റ് മൂന്ന് പേർ മരണപ്പെടുകയും രണ്ട് പോലീസുകാരടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ യുവാവിനെ വെടി വെച്ച് കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ന്യൂ മെക്‌സിക്കോയിലെ ഫാർമിംഗ്‌ടണിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഫാർമിംഗ്ടൺ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരുദ്യോഗസ്ഥനും ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരുദ്യോഗസ്ഥനേയും സാൻ ജുവാൻ റീജിയണൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിക്ക് പ്രത്യേക ലക്ഷ്യമൊന്നും ഇല്ലായിരുന്നുവെന്നാണ് ഫാർമിംഗ്ടൺ പോലീസ് മേധാവി സ്റ്റീവ് ഹെബ്ബ് പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയാണെന്നും ഡെപ്യൂട്ടി ചീഫ് പറഞ്ഞു. അമേരിക്കയിൽ ഈ വർഷം നടക്കുന്ന 225-മത്തെ കൂട്ട വെടിവയ്‌പ്പാണെന്നാണ് ഗൺ വയലൻസ് ആർക്കൈവ് പറഞ്ഞു.