ഇസ്രായേല്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കി. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി.
ഇസ്രയേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിനിടെയായിരുന്നു മലയാളി നഴ്‌സ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. സൗമ്യ താമസിച്ച വീടിന് മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യയുടെ മരണത്തിന് പിന്നാലെ അവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേൽ എംബസി അറിയിച്ചിരുന്നു.
ഇന്നലെ രാവിലെയായിരുന്നു സൗമ്യയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചത്. ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. ആദരാഞ്ജലി അർപ്പിക്കാൻ റോണി യദീദിയ ക്ലീനും വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഇന്നലെ രാത്രിയോടെ മൃതദേഹം ഇടുക്കി കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചിരുന്നു. കോൺസൽ ജനറൽ ജോനാഥൻ സഡ്ക്കാ ഇവിടെയെത്തി അനുശോചനം അറിയിച്ചു.അവൾ ഞങ്ങൾക്കൊരു മാലാഖയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സൗമ്യ തീവ്രവാദത്തിന് ഇരയാണെന്നും, ഇസ്രയേൽ സർക്കാർ കുടുംബത്തെ സഹായിക്കുമെന്നും കോൺസൽ ജനറൽ ഉറപ്പ് നൽകി. ഇന്ന് ഉച്ചതിരിഞ്ഞ് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചായിരിക്കും സംസ്കാരം.

